ഇന്ന് മനുഷ്യാവകാശ ദിനം.
1948 ൽ യു എൻ ഒരു പ്രമേയം പാസ്സാക്കിയതു കൊണ്ടുമാത്രമ ല്ല ഈ ദിനം നാം ആഘോഷിക്കുന്നത്. മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്ന വർത്തമാനകാലത്ത് മനുഷ്യാവകാശങ്ങളുടെ കാവൽക്കാരായി മാറണം എന്നു ശക്തമായി നമ്മെ ഓർമ്മപ്പെടുത്തുന്ന ദിനമാണ് ഇന്ന് .
രാജ്യത്തിന്റെ അതിർത്തികൾക്കപ്പുറത്ത് വർണ്ണ വർഗ്ഗ വിവേചനമില്ലാതെ സഹജീവിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.
ഓരോരുത്തരുടെയും വ്യക്തിത്വം നാം അംഗീകരിക്കണം. തുല്യത എന്ന വലിയൊരു സ്വപ്നം സാക്ഷൽക്കരി ക്കേണ്ടവരാണ് നാം.
ആൾക്കൂട്ട മർദ്ദനങ്ങൾ,ആൾക്കൂട്ട കൊലപാതകങ്ങൾ, നരബലികൾ, പട്ടിണി മരണങ്ങൾ, ആത്മഹത്യകൾ, ഏറ്റുമുട്ടൽ മരണങ്ങൾ,സ്ത്രീധന മരണങ്ങൾ ഇവിടെയെല്ലാം ഇരകളായവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതായാണ് നാം കാണുന്നത്.
അധികാരം അനീതികൾ അടിച്ചേൽപ്പിക്കാനല്ല നീതി നടപ്പാക്കാനാണ് ഉപയോഗിക്കേണ്ടത്. അനർഹരായവർക്ക് പദവികൾ ലഭ്യമാക്കുന്നതിനല്ല, അർഹരായവരെ പദവികളിൽ എത്തിക്കുന്നതിനു വേണ്ടിയാണ് സർക്കാർ സ്വാധീനം ഉപയോഗിക്കേണ്ടത്.
സ്ത്രീയോ,പുരുഷനോ, ദരിദ്രനോ സമ്പന്നനോ എന്ന വിവേചനം ഇല്ലാതെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമ്പോഴാണ് സമൂഹത്തിൽ സമാധാനം സംജാതമാകുന്നത്, പ്രതീക്ഷയും ആഘോഷവു മുണ്ടാകുന്നത്. സത്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് മനുഷ്യാവകാശ സംരക്ഷണം.
മനുഷ്യത്വത്തെ ചോദ്യം ചെയ്യാതെ , വ്യക്തിത്വം അപമാനിക്കപ്പെടാതെ, നീതി നിഷേധിക്കപ്പെടാതെ തുറന്നുപറച്ചിലുകൾ സാധ്യമാകുന്ന ഒരു കാലത്തു മാത്രമേ മനുഷ്യൻ അവകാശികളായി മാറുകയുള്ളൂ.
മനുഷ്യാവകാശ ദിന ആശംസകൾ
- സെബാസ്റ്റ്യൻ തയ്യൂർ