*ചെന്നൈ*:ശക്തമായ കാറ്റിലും മഴയിലും ചെന്നൈ നഗരത്തിലും പരിസര പ്രദേശത്തും വന്‍നാശനഷ്ടം. രാത്രി പെയ്ത മഴയില്‍ നഗരത്തിന്റെ പ്രധാനമേഖലയില്‍ വെള്ളം കയറി. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കഞ്ചീപുരം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം നിലവിൽ വെള്ളം കയറിയ സ്ഥിതിയാണ്. വിവിധ മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനവും വെള്ളം കയറിയതിനാൽ മുടങ്ങിയിരിക്കുകയാണ്. നിലവിൽ, ആവശ്യസർവീസുകൾക്ക് മാത്രമാണ് ആളുകള്‍ റോഡിലിറങ്ങുന്നത്. അത്യാവശമെങ്കിൽ മാത്രം പുറത്തിറങ്ങാനുള്ള നിർദേശം ജനങ്ങൾക്കും കെെമാറിയിട്ടുണ്ട്. അതിനിടെ, ഹസന്‍ തടാകത്തിന് സമീപം മുതലയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വഴിയാത്രക്കാരാണ് മുതലയെ കണ്ടത്. വിവരം പോലീസില്‍ അറിയിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം കരയിൽ കടക്കുമ്പോൾ മണിക്കൂറിൽ 90 കിലോമീറ്റർവരെ വേഗമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിനും നാലിനുമിടയിൽ ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്ചിലപട്ടിനത്തിനും ഇടയിൽ കരതൊടും.
കരതൊടുമ്പോൾ ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, റാണിപ്പേട്ട്, വെല്ലൂർ എന്നീ ജില്ലകളിൽ കനത്തമഴ പെയ്യും. തീരപ്രദേശങ്ങളിൽ അതിജാഗ്രത തുടരുന്നുണ്ട്. മീൻപിടിത്തക്കാർ കടലിലിറങ്ങരുതെന്നും കടലിൽപ്പോയവരോട് തിരിച്ചുവരാനും നിർദേശിച്ചു. കാറ്റിന്റെ വേഗം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്ററായി വർധിച്ചതിനാൽ മറീന ബീച്ചിൽ സന്ദർശകരെ വിലക്കി.
ചെന്നൈ, കാഞ്ചീപുരം തിരുവള്ളൂർ ജില്ലയിലും കടൽക്കരകളിൽ സന്ദർശകരെ വിലക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ പോലീസിനെ നിയോഗിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അതിതീവ്രന്യൂനമർദമായി മാറി. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറും. ഈ സമയത്ത് ചെന്നൈയിലും സമീപജില്ലകളിലും 20 സെന്റീമീറ്ററോളം മഴ പെയ്യാൻ സാധ്യതയുണ്ട്.
ഇപ്പോൾ ചെന്നൈയിൽനിന്ന് 230 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിലാണ് തീവ്രന്യൂനമർദമുള്ളത്. ചുഴലിക്കാറ്റ് കടന്നുപോകുന്ന ആന്ധ്രാപ്രദേശിലെ നെല്ലൂർ, തമിഴ്നാട്ടിലെ ചെന്നൈ, തിരുവള്ളൂർ ജില്ലകളുടെ സമീപപ്രദേശമാണ്. ചെന്നൈയിൽനിന്ന് നെല്ലൂരിലേക്ക് 176 കിലോമീറ്ററും മച്ചിലപട്ടിനത്തേക്ക് 466 കിലോമീറ്ററുമാണുള്ളത്. അതിനാൽ, കഴിവതും വീടിന് പുറത്തിറങ്ങരുതെന്നാണ് നിർദേശം. 24 മണിക്കൂറും വൈദ്യുതിവിതരണം ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ട്.
ചുഴലിക്കാറ്റിനെ നേരിടുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് സർക്കാർ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് ദുരിതാശ്വസ സംഘങ്ങൾ പ്രവർത്തിക്കുന്നത്. തീരസംരക്ഷണ സേനയുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. തീരസംരക്ഷണ സേനയുടെ 20 കപ്പലുകൾ, 10 ഹെലികോപ്റ്ററുകൾ എന്നിവ സജ്ജമാണ്. കടലിൽ സേനയുടെ നിരീക്ഷണവും ശക്തമാക്കി.
ചെന്നൈയിൽ വെള്ളക്കെട്ടുകൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.എൻ. നെഹ്‌റു അറിയിച്ചു. റോഡുകളിലെ വെള്ളം വറ്റിക്കുന്നതിനായി ആയിരത്തോളം മോട്ടോറുകൾ സജ്ജമാണ്. 30 സെന്റീ മീറ്റർ മഴയുണ്ടായാലും വെള്ളക്കെട്ടുണ്ടാകാതിരിക്കുന്ന വിധത്തിൽ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മരങ്ങൾ കടപുഴകി വീണാൽ വെട്ടിമാറ്റാനുള്ള ഉപകരണങ്ങളും ജെ.സി.ബി. അടക്കം യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദം രൂപംകൊണ്ടതോടെ കാറ്റിന്റെ വേഗം മണിക്കൂറിൽ 60-70 കിലോമീറ്ററായി ഉയർന്നതോടെ കടൽ പ്രക്ഷുബ്ധമായി.
ചെന്നൈ സമീപപ്രദേശങ്ങളിലെയും കടൽത്തീരങ്ങളിൽ കാറ്റിന്റെ വേഗം കൂടിയതിനാൽ 12 അടിവരെ ഉയരത്തിലാണ് തിരമാലകൾ കരയിലേക്കടിക്കുന്നത്. കടൽക്കരകളിലേക്ക് ജനങ്ങൾ വരുന്നത് പൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ചെന്നൈയിൽ മറീന ബീച്ച്, പട്ടിനപ്പാക്കം ബീച്ച്, ബസന്ത് നഗർ ബീച്ച്, കാശിമേട് ബീച്ചുകൾ ഉൾപ്പെടെയുള്ള കടൽക്കരകൾ പ്രക്ഷുബ്ധമാണ്.