വ്യാപാരിയായ സ്ത്രീയെ ആക്രമിച്ച് രണ്ടു പവന്റെ മാല കവര്‍ന്നു

ഗുരുവായൂരില്‍ വ്യാപാരിയായ സ്ത്രീയെ ആക്രമിച്ച് രണ്ടു പവന്റെ മാല കവര്‍ന്നു



ഗുരുവായൂരില്‍ വ്യാപാരിയായ സ്ത്രീയെ ആക്രമിച്ച് രണ്ടു പവന്റെ മാല കവര്‍ന്നു. പടിഞ്ഞാറേനടയിലെ അനുപമ സ്റ്റോഴ്‌സ് ഉടമ പേരകം സ്വദേശി കണിച്ചിയില്‍ രവീന്ദ്രന്റെ ഭാര്യ 64 വയസ്സുള്ള രത്‌നവല്ലിയുടെ താലിമാലയാണ് കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 3.50 ന് ഗാന്ധിനഗറിലുള്ള നഗരസഭയുടെ മിനി മാര്‍ക്കറ്റിനു മുന്നിലാണ് സംഭവം. രത്‌നവല്ലി പുലര്‍ച്ചെ കട തുറക്കാനായി നടന്നു പോവുകയായിരുന്നു. മുഖം മറച്ച് പുറകിലെത്തിയ മോഷ്ടാവ് രത്‌നവല്ലിയെ കടന്നുപിടിച്ച് വായ പൊത്തി. കുതറി മാറാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിന്റെ കയ്യിലുണ്ടായിരുന്ന തുണി രത്‌നവല്ലിയുടെ മുഖത്തേക്കിട്ട് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് രത്‌നവല്ലിയുടെ മാല വലിച്ചു പൊട്ടിച്ച് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. റോഡില്‍ വീണു കിടക്കുന്നതിനിടെ മോഷ്ടാവിന്റെ കാലില്‍ പിടുത്തമിട്ടെങ്കിലും കുതറി രക്ഷപ്പെടുകയായിരുന്നുവെന്ന് രത്‌നവല്ലി പറഞ്ഞു. വീഴ്ചയില്‍ തലപൊട്ടിയ രത്‌ന വലിയ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് ആറു തുന്നല്‍ വേണ്ടിവന്നു. ടെമ്പിള്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മേഖലയിലെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചു വരികയാണ്.