ജോസ് ആലുക്കാസ് ജ്വല്ലറി മോഷണത്തിൽ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു; ഭാര്യ അറസ്റ്റിൽ, മൂന്ന് കിലോ സ്വർണം കണ്ടെടുത്തു.


ജോസ് ആലുക്കാസ് ജ്വല്ലറി മോഷണത്തിൽ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു; ഭാര്യ അറസ്റ്റിൽ, മൂന്ന് കിലോ സ്വർണം കണ്ടെടുത്തു.




    കോയമ്പത്തൂരിലെ ജോസ് ആലുക്കാസ് ജ്വല്ലറി മോഷണത്തിൽ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. ധർമ്മപുരി സ്വദേശി വിജയ് ആണ് മോഷണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്‌തു. ജോസ് ആലുക്കാസ് ജ്വല്ലറി മോഷണത്തിന്റെ മൂന്നാം നാളാണ് കോയമ്പത്തൂർ പോലീസ് നിർണായക നടപടികളിലേക്ക് കടന്നത്.

200 പവനോളം സ്വർണ്ണമാണ് ജ്വല്ലറിയിൽ നിന്നും മോഷണം പോയത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചയാണ് ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്തുകയറി ആഭരണങ്ങൾ വാരിയെടുത്ത് ധർമ്മപുരി സ്വദേശി വിജയ് എന്ന 24 കാരൻ കടന്നുവന്നത്.

പ്രതിയെക്കുറിച്ച് സൂചന ലഭിച്ച ധർമ്മപുരിയിലെ വീട്ടിൽ പോലീസ് സംഘം എത്തുന്നതിന് തൊട്ടുമുൻപ് വിജയ് കടന്നു കളഞ്ഞു. ഇയാളെ കണ്ടെത്താൻ 5 പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ ബാലകൃഷ്ണൻ പറഞ്ഞു.

വിജയുടെ ഭാര്യ നർമ്മദയുടെ പക്കൽ നിന്ന് 3 കിലോ സ്വർണം പോലീസ് കണ്ടെടുത്തു. ആകെ 4 കിലോ 600 ഗ്രാം സ്വർണമാണ് മോഷണം പോയത്. വിജയ് നേരത്തെ മൂന്ന് മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ട്. 40,000 രൂപയുടെ മോഷണം ആണ് ഇതിനുമുൻപ് ഇയാളുടെ പേരിൽ ഉണ്ടായിരുന്ന ഏറ്റവും ഗുരുതരമായ കേസെന്നും പോലീസ് പറഞ്ഞു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.