ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം: പ്രതി പിടിയിൽ.
ചിയ്യാരത്ത് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ സഹ തൊഴിലാളി അറസ്റ്റിൽ. ഇക്കഴിഞ്ഞ നവംബർ 1 നാണ് കേസിനാസ്പദമായ സംഭവം. ചിയ്യാരം വാകയിൽ റോഡിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് അനക്കമില്ലാതെ കിടക്കുന്നതു കണ്ട് അസം നാഗോൺ ജില്ല, 39-ബോഗോമോർ വില്ലേജ് അജിജുർ റഹ് മാൻ (37) എന്നയാളെ കൂടെയുണ്ടായിരുന്നവർ ചേർന്ന് രാവിലെ 8 മണിയോടെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാൾ മരണപ്പെടുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന സ്ഥലത്ത് ഇയാളോടൊപ്പമുണ്ടായിരുന്ന തൊഴിലാളികൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി ആശുപത്രി അധികൃതർ നെടുപുഴ പോലീസിനെ വിവരം അറിയിച്ചിരുന്നു. നെടുപുഴ പോലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മരണപ്പെട്ട വ്യക്തിയുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വാരിയെല്ലുകൾ പൊട്ടി ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതം മൂലമാണ് മരണപ്പെട്ടതെന്ന് രേഖപ്പെടുത്തിയിരുന്നു.
മരണപ്പെട്ട അലിജ്ജുർ റഹ്മാനെ ആശുപത്രിൽ എത്തിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ മൊഴിയിൽ സംശയം തോന്നുകയും തൊഴിലാളികളിൽ ഒരാളെ പിന്നീട് കാണാതായതും പോലീസിന് കൂടുതൽ സംശയത്തിനിടയാക്കി. ശാസ്ത്രീയമായ അന്വേഷണത്തിൽ കൊലപാതകമാണെന്ന് മനസ്സിലാക്കി, കേസന്വേഷണത്തിനായി സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിനുശേഷം ഒളിവിൽ പോയ അസം നാഗോൺ ജില്ല കാലിയോബോർ ബ്രഹ്മബീൽ വില്ലേജ് മക്ഖവാമാരി ചിദ്ദു ഹുസൈൻ (33) എന്നയാളെ കോയമ്പത്തൂരിലെ ഒളിസങ്കേതത്തിൽ നിന്നും അറസ്റ്റു ചെയ്തത്. മരണപ്പെട്ട അലിജ്ജുർ റഹിമാനും, ചിദ്ദു ഹുസൈനും തമ്മിലുണ്ടായ വാക്കുതർക്കത്തെതുടർന്ന് അലിജ്ജുർ റഹിമാനെ മർദ്ദിക്കുകയും, പരിക്കേറ്റ് മരണമടയുകയുമായിരുന്നു. തുടർന്ന് കൂടെ താമസിക്കുന്ന തൊഴിലാളികൾ ചേർന്ന് അലിജ്ജുർ റഹിമാനെ ആശുപത്രിയിലെത്തിക്കുകയും, അവിടെ നിന്നും ചിന്ദു ഹുസൈൻ രക്ഷപ്പെടുകയും ഒളിവിൽ പോകുകയുമായിരുന്നു. കേരളത്തിൽനിന്നും രക്ഷപ്പെട്ട പ്രതിയെ പിടിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം ആസ്സാം പോലീസുമായി ചേർന്ന് ഒളിവിൽ കഴിയുന്ന പ്രതിയുടെ വിവിധ സ്ഥലങ്ങളിലുള്ള ബന്ധുക്കളുടെ വീടുകളിൽ റെയ്ഡുകൾ നടത്തുകയും അവിടെനിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ് നാട്ടിലെ കോയമ്പത്തൂരിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഒളിവുസങ്കേതത്തിൽനിന്നും പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
അന്വേഷണ സംഘം.
തൃശ്ശൂർ ACP കെ. കെ. സജീവ്, നെടുപുഴ ഇൻസ്പെക്ടർ സുധിലാൽ, സബ് ഇൻസ്പെക്ടർ നെൽസൺ, ASI രാജേഷ്, തൃശ്ശൂർ സിറ്റി ക്രൈം സ്ക്വാഡ് സബ് ഇൻസ്പെക്ടർമാരായ എൻ.ജി. സുവൃതകുമാർ. പി.എം.റാഫി, ASI മാരായ ടി.വി.ജീവൻ, സന്തോഷ് കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ പഴനിസ്വാമി, സിവിൽ പോലീസ് ഓഫീസർ കെ.ബി. വിപിൻദാസ്.