കടന്നൽക്കൂട് സമീപവാസികൾക്കും യാത്രക്കാർക്കും ഭീഷണി ആകുന്നു. രണ്ട് പേർക്ക് കടന്നൽ കുത്തേറ്റു.

 കേച്ചേരി : ചൂണ്ടൽ ആശുപത്രി റോഡിൽ കണ്ടിയൂർ കയറ്റം ഭാഗത്തെ ആളൊഴിഞ്ഞ വീട്ടിലെ പറമ്പിലെ ആത്ത മരത്തിൽ കൂടുകൂട്ടിയ കടന്നൽക്കൂട് സമീപവാസികൾക്കും യാത്രക്കാർക്കും ഭീഷണി. 


കഴിഞ്ഞദിവസം സമീപത്തെ വീട്ടിൽ പെയിന്റിംഗിനെത്തിയ രണ്ട് തൊഴിലാളികൾക്ക് കടന്നലിന്റെ കുത്തേറ്റു. ചൂണ്ടൽ സ്വദേശികളായ രാജേഷ് (48), പ്രബിൻ (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇതോടെ സമീപവാസികളായ വീട്ടുകാർ ഭീതിയിലാണ്. കൂട് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിട്ട് ഒരാഴ്ച പിന്നിട്ടു. സ്‌കൂളും ആശുപത്രിയും ആരാധനാലയങ്ങളുമുള്ള റോഡിന് സമീപമുള്ള കടന്നൽക്കൂട് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചൂണ്ടൽ പഞ്ചായത്ത് അധികാരികൾക്ക് പ്രദേശവാസികൾ പരാതി നൽകി. രാത്രിയിൽ വീടുകളിൽ പ്രകാശം തെളിയുമ്പോൾ ഇവ കൂട്ടമായി വീടിനകത്തേക്ക് വരുന്നതും ഭീഷണി ആകുന്നുണ്ട്.