മുളങ്കുന്നത്തുകാവ്:
ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ഗവ.മെഡിക്കൽ കോളേജിൽ ഇന്നലെയും (വെള്ളി ) ശസ്ത്രക്രിയകൾ മുടങ്ങി.
മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളാണ് മുടങ്ങിയത്. ഒരു ദിവസം വിവിധ വിഭാഗങ്ങളിലായി മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളാണ് നടത്താറുള്ളത്. ഇതിൽ കാൻസർ ശസ്ത്രക്രിയകൾ, ഹൃദയ ശസ്ത്രക്രിയകൾ, മാറ്റി വെക്കാൻ പറ്റാത്ത ശസ്ത്രക്രിയകൾ എന്നിവ മാത്രമാണ് നടന്നത്. ശരാശരി അമ്പതോളം ശസ്ത്രക്രിയകൾ മുടങ്ങി.ഒ.പി ബഹിഷ്ക്കരണം പോലെ അനിശ്ചിതകാല ശസ്ത്രക്രിയ തിയറ്റർ ബഹിഷ്ക്കരണവും പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിൻ്റെ പശ്ചാതലത്തിൽ ശസ്ത്രക്രിയക്കായി രോഗികളെ പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. മാറ്റിവെക്കാൻ കഴിയാത്ത ശസ്ത്രക്രിയകൾക്കായി മാത്രമാണ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നത്.ഒ.പി ബഹിഷ്ക്കരണ സമരം കൂടി ഉള്ളതിനാൽ പി.ജി ഡോക്ടർമാരാണ് ഒ.പികൾ കൈകാര്യം ചെയ്തത്. മുതിർന്ന ഡോക്ടർമാരുടെ അസാന്നിധ്യം ചികിത്സക്കെത്തിയ രോഗികളെയും പി.ജി ഡോക്ടർമാരെയും ഒരു പോലെ ബുദ്ധിമുട്ടിച്ചു.വിദഗ്ധ ചികിത്സ നൽകാനാകാതെ പി.ജി ഡോക്ടർമാർ ബുദ്ധിമുട്ടി. അതേസമയം സമരത്തിൻ്റെ പശ്ചാതലത്തിൽ ഒ.പി ചികിത്സക്കെത്തിയ രോഗികളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു. രോഗികളുടെ കുറവ് പി.ജി ഡോക്ടർമാർക്ക് ആശ്വാസമായി.അത്യാഹിത വിഭാഗം, ഐ.സി.യുകൾ, വാർഡുകൾ എന്നീ വിഭാഗങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയെങ്കിലും ഇവിടങ്ങളിലെ സേവനങ്ങളെയും ചെറിയ തോതിൽ ബാധിച്ചു. സമരത്തിൻ്റെ ഭാഗമായി വിദ്യാർഥികളുടെ പഠനവും താറുമാറായി. ഡോക്ടർമാർ തിയറി ക്ലാസുകളിൽ നിന്നും വിട്ടു നിൽക്കുകയാണ്. പ്രാക്ടിക്കൽ ക്ലാസുകൾ മാത്രമാണ് എടുത്ത് നൽകുന്നത്.
