വടക്കാഞ്ചേരി ടൂറിസം കോറിഡോർ പദ്ധതിക്ക് ഒന്നര കോടി രൂപയുടെ ഭരണാനുമതി

  വടക്കാഞ്ചേരി ടൂറിസം കോറിഡോർ പദ്ധതിക്ക് ഒന്നര കോടി രൂപയുടെ ഭരണാനുമതി

വടക്കാഞ്ചേരി ടൂറിസം കോറിഡോർ - ഒന്നാം ഘട്ടം പദ്ധതിക്ക് ഒന്നര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. സംസ്ഥാന ബജറ്റിൽ തുക അനുവദിക്കുന്നതിനായുള്ള മണ്ഡലത്തിലെ പ്രവൃത്തികളിൽ വടക്കാഞ്ചേരി ടൂറിസം കോറിഡോറിനായി 1.5 കോടി രൂപയുടെ പ്രൊപ്പോസൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ സമർപ്പിച്ചിരുന്നു. തുടർന്നാണ് ചെപ്പാറ റോക്ക് പാർക്ക്, വട്ടായി വാട്ടർഫോൾസ്, തൂമാനം വാട്ടർഫോൾസ്, പത്താഴകുണ്ട് ഡാം, ചാത്തൻചിറ ഡാം, പേരേപ്പാറ ചെക്ക് ഡാം & വാട്ടർഫോൾസ് എന്നീ ടൂറിസം കേന്ദ്രങ്ങളിലായി ഒന്നര കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ടൂറിസം വകുപ്പിൻ്റെ ഭരണാനുമതിയായത്.


ചെപ്പാറ റോക്ക് പാർക്ക്



പാറയുടെ മുകളിൽ നിന്നുള്ള കാഴ്ച്ച ദൃശ്യഭംഗിയോടെ ആസ്വദിക്കുന്നതിനായി വ്യൂവിംഗ് ഡെക്ക് / പ്ലാറ്റ്ഫോം, രണ്ട് മഴ ഷെൽട്ടറുകൾ, ബെഞ്ചുകൾ, കുളം നവീകരണം, ടിക്കറ്റ് കൗണ്ടർ, ടോയ്ലറ്റ് നവീകരണം, സൈൻ ബോർഡുകൾ തുടങ്ങിയവ അടങ്ങിയ 19 ലക്ഷം രൂപയുടെ പദ്ധതിയാണ് ചെപ്പാറയിൽ ഒരുങ്ങുന്നത്.


വട്ടായി വാട്ടർഫോൾസ്


ടോയ്ലറ്റ് ബ്ലോക്ക്, ടിക്കറ്റ് കൗണ്ടർ, സ്ട്രീറ്റ് ലൈറ്റുകൾ, സൈൻ ബോർഡുകൾ തുടങ്ങിയവ അടങ്ങിയ 20.60 ലക്ഷം രൂപയുടെ പദ്ധതിയാണ് വട്ടായിയിൽ ഒരുങ്ങുന്നത്.


തൂമാനം വാട്ടർഫോൾസ്


വാക്ക് വേ ഹാൻഡ്റെയിൽ, ടോയ്ലറ്റ് ബ്ലോക്ക്, ടിക്കറ്റ് കൗണ്ടർ, സ്ട്രീറ്റ് ലൈറ്റുകൾ, സൈൻ ബോർഡുകൾ, തുടങ്ങിയവ അടങ്ങിയ 24.67 ലക്ഷം രൂപയുടെ പദ്ധതിയാണ് തൂമാനം വെള്ളച്ചാട്ടത്തിൽ ഒരുങ്ങുന്നത്.


പത്താഴകുണ്ട് ഡാം



ഡാം പ്രദേശത്തിലൂടെ സൈക്കിളിങ്ങിനായി ഒരു കിലോമീറ്റർ നീളമുള്ള സൈക്കിൾ ട്രാക്ക്, ടിക്കറ്റ് കൗണ്ടർ, സ്ട്രീറ്റ് ലൈറ്റുകൾ, സൈൻ ബോർഡുകൾ തുടങ്ങിയവ അടങ്ങിയ 30 ലക്ഷം രൂപയുടെ പദ്ധതിയാണ് പത്താഴകുണ്ട് ഡാമിൽ ഒരുങ്ങുന്നത്.


ചാത്തൻചിറ ഡാം


റാംപും ഹാൻഡ് റെയിലുമുള്ള നടപ്പാത, ടോയ്ലറ്റ് ബ്ലോക്ക്, ടിക്കറ്റ് കൗണ്ടർ, സ്ട്രീറ്റ് ലൈറ്റുകൾ, പാർക്കിങ് സ്പേസ്, സൈൻ ബോർഡുകൾ തുടങ്ങിയവ അടങ്ങിയ 29 ലക്ഷം രൂപയുടെ പദ്ധതിയാണ് ചാത്തൻചിറ ഡാമിൽ ഒരുങ്ങുന്നത്.


പേരേപ്പാറ ചെക്ക് ഡാം & വാട്ടർഫോൾസ്


വ്യൂവിംഗ് ഡെക്ക് / പ്ലാറ്റ്ഫോം, ഹാൻഡ്റെയിൽ, ടോയ്ലറ്റ് & കഫേ ബ്ലോക്ക്, ടിക്കറ്റ് കൗണ്ടർ, സ്ട്രീറ്റ് ലൈറ്റുകൾ, സൈൻ ബോർഡുകൾ തുടങ്ങിയവ അടങ്ങിയ 26 ലക്ഷം രൂപയുടെ പദ്ധതിയാണ് പേരേപ്പാറ ചെക്ക്ഡാമിൽ ഒരുങ്ങുന്നത്.

വാഴാനി ഡാം ഗാർഡനിൽ 5.99 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. വിലങ്ങൻകുന്നിൽ 3.45 കോടി രൂപ ചെലവിൽ വാച്ച് ടവർ, റെസ്റ്റോറൻ്റ് & സെമിനാർ ഹാൾ എന്നിവയുടെ നിർമ്മാണത്തിന് ഭരണാനുമതിയായി. 3.85 കോടി രൂപ വിനിയോഗിച്ചുള്ള പൂമല ഇക്കോ ടൂറിസം പദ്ധതിയും നിർമ്മാണം പുരോഗമിക്കുകയാണ്.


ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തി രണ്ട് പ്രദേശിക ടൂറിസം ഡെസ്റ്റിനേഷനുകൾക്കായി 1.91 കോടി രൂപയുടെ പദ്ധതിക്കും ഭരണാണാനുമതിയായി. മിനി ഊട്ടി വികസനത്തിന് 99.70 ലക്ഷം രൂപയുടെ പദ്ധതിക്കും, കുറ്റൂർ പാലംകുഴി റിവർസൈഡ് പാർക്ക് വികസനത്തിന് 91.70 ലക്ഷം രൂപയുടെ പദ്ധതിക്കുമാണ് ഭരണാനുമതിയായത്. ഇവയോടൊപ്പം മണ്ഡലത്തിലെ കോൾപ്പടവുകളെ കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ പദ്ധതിയാണ് വടക്കാഞ്ചേരി ടൂറിസം കോറിഡോർ പദ്ധതി.

വടക്കാഞ്ചേരി മണ്ഡലത്തിലെ പ്രാദേശിക ടൂറിസം സാധ്യതകളെ കോർത്തിണക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിനാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.

🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻