പുന്നയൂർക്കുളം മാഞ്ചിറയിൽ റോഡ് ഇടിഞ്ഞ് തോട്ടിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം, പ്രതിഷേധവുമായി നാട്ടുകാർ.

 പുന്നയൂർക്കുളം മാഞ്ചിറയിൽ റോഡ് ഇടിഞ്ഞ് തോട്ടിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം, പ്രതിഷേധവുമായി നാട്ടുകാർ.


 മാഞ്ചിറയിൽ റോഡ് ഇടിഞ്ഞ് തോട്ടിലേക്ക് വീണു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. റോഡ് ഇടിയുന്നത് കണ്ട് വാഹനങ്ങൾ നിർത്തിയതിനാൽ  ദുരന്തം ഒഴിവായി. 13 കോടിയോളം രൂപ ചിലവഴിച്ചു നിർമ്മിച്ച ആറ്റുപുറം പാറമ്പാടം റോഡ് മാഞ്ചിറ അമ്പലത്തിന് സമീപത്താണ്  ഒരുഭാഗം തകർന്ന് തോട്ടിലേക്ക്  വീണത്.



 ഒരാഴ്ചയോളമായി റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ നിലയിലായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരും മേഖലയിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും  ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ല. ഇതോടെയാണ് റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്. 


റോഡ് ഇടിഞ്ഞ ഭാഗത്ത് നിന്നിരുന്ന വൈദ്യുത പോസ്റ്റും ഏത് നിമിഷം വീഴുന്ന അവസ്ഥയിലായിരുന്നു  നാട്ടുകാർ നിരന്തരം വിവരമറിച്ചതിനെ തുടർന്ന് കെഎസ്ഇബി അധികൃതർ  സ്ഥലത്തെത്തി റോഡ് ഇടിഞ്ഞ ഭാഗത്തെ പോസ്റ്റിന് മറ്റൊരു പോസ്റ്റർ താങ്ങ് നൽകിയിരുന്നു.



 ഇതിനാൽ റോഡ് തകർന്നെങ്കിലും 11 കെ വി വൈദ്യുത ലൈൻ റോഡിലേക്ക് വീഴാതെ വൻ ദുരന്തം ഒഴിവായി. മേഖലയിൽ ഏറെ നേരം വൈദ്യുത ബന്ധം താറുമാറായി. റോഡ് ഇടിഞ്ഞ സമയത്ത് തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന്  പഞ്ചായത്തംഗം അഡ്വ.റഹീസ് പറഞ്ഞു. വെള്ളം പമ്പ് ചെയ്യുമ്പോൾ വെള്ളം തടസ്സപ്പെടുന്ന സാഹചര്യമുള്ളതിനാൽ മേഖലയിൽ പാലം നിർമ്മിക്കണമെന്ന് കർഷകർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഈ ആവശ്യം അംഗീകരിക്കാൻ മുൻ പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ലെന്ന് പഞ്ചായത്തംഗം ഹസ്സൻ തളികശേരി പറഞ്ഞു.


 മേഖലയിൽ യുദ്ധകാല അടിസ്ഥാനത്തിൽ പാലം നിർമ്മിച്ച് റോഡിന് ആവശ്യമായ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് നാട്ടുകാരനായ അഷ്കർ അറക്കൽ ആവശ്യപ്പെട്ടു. നാട്ടുവാർത്ത News