പരിസ്ഥിതി ദിനം കേവലം ഒരു ദിവസം മാത്രം ആചരിക്കാനുള്ളതല്ല , 365 ദിവസങ്ങളും പരിസ്ഥിതിയുടെ സുസ്ഥിതി ഉറപ്പ് വരുത്തണമെന്ന സന്ദേശം നൽകി പ്ലാവിൻ തൈ വിതരണോദ്ഘാടനം പൂർവവിദ്യാർത്ഥി വർഗീസ് തരകൻ നിർവഹിച്ചു.
വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും അനധ്യാപകർക്കും പ്ലാവിൻതൈ സമ്മാനിക്കുകയാണ് പ്രകൃതിസ്നേഹിയും കർഷകനുമായ പൂർവവിദ്യാർത്ഥി വർഗീസ് തരകൻ. ഓക്സിജന്റെ പ്രഭവകേന്ദ്രമായ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് നാടിന്റെ ആരോഗ്യം ഉറപ്പു വരുത്തണമെന്ന ദൃഢനിശ്ചയത്തോടെയാണ് അത്യപൂർവമായ ഈ സംരംഭം വർഗീസ് തരകൻ വിദ്യാലയത്തിൽ നടപ്പിലാക്കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ International Water sustainability Award ജേതാവാണ് വർഗീസ് തരകൻ. കേരള സ്റ്റേറ്റ് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് ബോർഡ് മെമ്പർ കൂടിയാണേദേഹം. ഒരു ദിവസം ഒരു കുട്ടിക്ക് എന്ന രീതിയിൽ രണ്ടായിരത്തിയഞ്ഞൂറിലധികം വരുന്ന വിദ്യാർത്ഥികൾക്കും വിദ്യാലയത്തിലെ അധ്യാപകാനധ്യാപകർക്കും അദ്ദേഹം വൃക്ഷത്തൈ സമ്മാനിക്കും. ഈ തൈകൾ കായ്ച്ചു തുടങ്ങുമ്പോൾ അതിൽ നിന്നൊരു പങ്ക് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നൽകി വിദ്യാലയത്തിനോടുള്ള ആദരവ് പ്രകടിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ PTA വൈസ് പ്രസിഡന്റ് കെ പി രവിശങ്കർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം വി ബാബു സന്നിഹിതനായിരുന്നു. പ്രധാനാധ്യാപകൻ എം എസ് രാജു സ്വാഗതവും അധ്യാപിക പി ശ്രീദേവി നന്ദിയും പറഞ്ഞു.
