കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ഓപ്പറേഷനിടെ രോഗി മരിച്ചു.

 കുന്നംകുളം: കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ചികിത്സയ്ക്കിടെ യുവാവ് മരിച്ചു. വെള്ളറക്കാട് ചിറമനേങ്ങാട് സ്വദേശി പൊള്ളൻ തറക്കൽ വീട്ടിൽ ഇല്യാസാണ് (41) മരിച്ചത്. 

കഴിഞ്ഞദിവസം വൈകിട്ട് നാലരയോടെ ഹെർണിയ അസുഖത്തെ തുടർന്ന് കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ചികിത്സയ്ക്കായി ഇല്യാസെത്തിയത്. പരിശോധനയെ തുടർന്ന് ഡോക്ടർ ഓപ്പറേഷൻ വേണമെന്ന് നിർദ്ദേശിച്ചു. ഓപ്പറേഷനിടയിൽ എട്ടരയോടെ യുവാവ് മരിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. ശ്വാസമെടുക്കാനുണ്ടായ ബുദ്ധിമുട്ടാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

അനസ്‌തേഷ്യ നൽകിയതിലെ പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് ഇല്യാസിന്റെ ബന്ധുക്കളും ആശുപത്രി അധികൃതരുമായി തർക്കത്തിലായതിനെ തുടർന്ന് പൊലീസും സ്ഥലത്തെത്തി. ആശുപത്രിയിലെ പിഴവാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളോട് സമ്മതിച്ച ശേഷമാണ് സംഘർഷമവസാനിച്ചത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ കുന്നംകുളം പൊലീസ് ആശുപത്രി അധികൃതർക്കെതിരെ അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കുന്നംകുളം താലൂക്കാശുപത്രിയിലെ പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം കഴിഞ്ഞു.
ഭാര്യ: റൈഹാനത്ത്,  മക്കൾ: ആയിഷ ,മുഹമ്മദ് സൈനുദ്ദീൻ, മിസിരിയ
 സംസ്കാരം നടത്തി.