കൊട്ടേക്കാട് മുണ്ടൂർ റോഡ് വികസനത്തിന് സ്ഥലം വിട്ടുനൽകി കുറ്റൂർ പള്ളി
കൊട്ടേക്കാട് മുണ്ടൂർ റോഡ് വികസനത്തിന് സ്ഥലം വിട്ടുനൽകി കുറ്റൂർ മേരിമാത പള്ളി. സെന്റിന് 12 ലക്ഷത്തോളം രൂപ വില വരുന്ന പള്ളിയുടെ മുൻ വശത്തെ അര സെൻ്റോളം വരുന്ന ഭൂമിയാണ് റോഡ് നവീകരണത്തിനായി സൗജന്യമായി വിട്ടു നൽകിയത്. പള്ളി വിട്ടുനൽകിയ സ്ഥലം എം എൽഎ സേവ്യർ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ സന്ദർശിച്ച് രേഖകൾ കൈമാറി.
സ്ഥലം വിട്ടു നൽകുന്നതിലൂടെ കുറ്റൂർ പള്ളിയുടെ മുൻവശത്തുള്ള വളവുകളിൽ കട്ട വിരിച്ച് റോഡ് വേഗത്തിൽ തകരുന്നതും അപകട സാധ്യതയും ഒഴിവാകും. റോഡ് നവീകരണത്തിനായി സൗജന്യമായി സ്ഥലം വിട്ടു നൽകിയ പ്രവർത്തനം എല്ലാവർക്കും മാതൃകയാണെന്ന് രേഖകൾ കൈമാറിക്കൊണ്ട് സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ പറഞ്ഞു.
കൊട്ടേക്കാട് - മുണ്ടൂര്‍ റോഡിന്റെ ബി എം ആന്റ് ബി സി നിലവാരത്തിൽ 12.70 കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തികൾ അതിവേഗത്തിൽ പുരോഗമിക്കുന്നത്. ഭൂമി ഏറ്റെടുത്തതിന്റെ രേഖകൾ ഇടവക വികാരി ഫാ.ജോജു പൊറുത്തൂർ, ഇടവക അസിസ്റ്റൻ്റ് വികാരി ഫാ.ആൽബിൻ ചൂണ്ടൽ എന്നിവർക്ക് ' എംഎൽഎ കൈമാറി.
പി ഡബ്ല്യു ഡി അസിസ്റ്റൻ്റ് എൻജിനീയർ യു ആർ രജിത, കോലഴി പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം ഡി വികാസ് രാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ രവീന്ദ്രൻ, പഞ്ചായത്തംഗം പ്രകാശ് ഡി ചിറ്റിലപ്പിള്ളി എന്നിവർ എംഎൽഎക്കൊപ്പം ഉണ്ടായിരുന്നു.