ആസ്ത്മയെ പിടിച്ചു കെട്ടാം - കടങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കടങ്ങോട് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ആസ്ത്മ- അലർജി, വിട്ടുമാറാത്ത ചുമ എന്നിവയുടെ രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും ശ്വസന ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മീന സാജൻ ഉദ്ഘാടനം ചെയ്തു.
കടങ്ങോട് കുടുംബാരോഗ്യ കേന്ദ്രം അസിസ്റ്റൻ്റ് സർജനും പൾമണോളജിസ്റ്റുമായ ഡോ ജെ പാർവ്വതി മെഡിക്കൽ ക്യാമ്പിന് നേത്യത്വം നൽകുകയും ആസ്ത്മയെ കുറിച്ച് ക്ലാസ്സ് എടുത്ത് സംസാരിക്കുകയും ചെയ്തു.
ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് 1000 രൂപ വിലവരുന്ന പൾമണറി ഫംഗ്ഷൻ ടെസ്റ്റ് സൗജന്യമായി ചെയ്തു കൊടുത്തു. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഇൻഹെയ്ലറുകൾ, മരുന്ന് എന്നിവ ആവശ്യാനുസരണം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന രമേഷ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ പി വി നിയാസ് അഹമ്മദ് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി കെ പ്രസന്നൻ സ്വാഗതവും ജെ പി എച്ച് എൻ സിമി പി കുര്യൻ നന്ദിയും പറഞ്ഞു.

