തൃശ്ശൂർ ജില്ലയിൽ അമല ആശുപത്രി പരിസരത്ത് അടാട്ട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിലങ്ങൻകുന്നിലെ വിനോദസഞ്ചാര സാധ്യതകൾ വിപുലീകരിക്കാൻ 3.45 കോടി രൂപയുടെ വികസന പദ്ധതിയ്ക്ക് സ്റ്റേറ്റ് വർക്കിംഗ് ഗ്രൂപ്പ് അംഗീകാരം നൽകിയതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
കുന്നിനു മുകളിൽ നിന്നുള്ള തൃശ്ശൂർ നഗരത്തിന്റെ അതിമനോഹരമായ കാഴ്ചയാണ് ഇവിടുത്തെ പ്രധാന ആകർഷണം. വ്യായാമത്തിനും സൈക്കിൾ സവാരിക്കും മറ്റുമായി നിരവധി പേരാണ് ദിനംപ്രതി ഇവിടെയെത്തുന്നത്.
വിലങ്ങൻകുന്നിന്റെ വിനോദസഞ്ചാര സാധ്യതകൾക്ക് കൂടുതൽ ഊർജ്ജം പകരുക എന്ന ലക്ഷ്യത്തോടെ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളിലൂടെയാണ് ആദ്യഘട്ട സൗന്ദര്യവൽകരണ വികസന പ്രവർത്തനങ്ങൾക്കായി വിനോദ സഞ്ചാര വകുപ്പ് ഒരു കോടി രൂപയുടെ ഭരണാനുമതി പുറപ്പെടുവിച്ച് ഉത്തരവായത്.
വിലങ്ങൻകുന്നിൽ നിന്നുള്ള അതിമനോഹരമായ ദൃശ്യം പൂർണ്ണമായി ആസ്വദിക്കാൻ ഉതകുന്ന വിധത്തിൽ വാച്ച് ടവർ, റസ്റ്റോറന്റ്, സെമിനാർ ഹാൾ, ബട്ടർഫ്ലൈ ഗാർഡൻ, ഓപ്പൺ ജിം ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്. ഇവ മുൻഗണനാ ക്രമത്തിൽ നിർമ്മാണം ആരംഭിക്കും. 3.45 കോടി രൂപ ആകെ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി യാഥാർഥ്യമാകുന്നതോടെ വിലങ്ങൻകുന്ന് കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കും.
റെസ്പോൺസിബിൾ ടൂറിസം പദ്ധതിയിൽ പുഴയ്ക്കൽ കോൾ ലാൻ്റ് ടൂറിസം ഉൾപ്പെടുത്തുന്നതിനായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പമാണ് വിലങ്ങൻ കുന്നിലെയും ടൂറിസം പദ്ധതിയ്ക്ക് അംഗീകാരമാകുന്നത്. യോഗങ്ങളും, കൂട്ടായ്മകളും, കലാ പരിപാടികളും സംഘടിപ്പിക്കാൻ സജ്ജമാക്കുന്നതോടൊപ്പം, ടൂറിസം കേന്ദ്രങ്ങളിൽ വിവാഹം നടത്തുന്ന 'ഡെസ്റ്റിനേഷൻ വെഡ്ഡിങ്' ഉൾപ്പെടയുള്ള പുതിയകാല ട്രെൻഡുകൾക്ക് ഇണങ്ങുന്ന വിധം വിലങ്ങൻകുന്നിന്റെ വികസനം യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും,
അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ തുടരുമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ വ്യക്തമാക്കി.