വേലൂർ :
ഹരിത കർമ്മ സേന അംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ വഴിയരികയിൽ പരന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്ത്.
കഷ്ടപ്പെട്ട് നൽകുന്ന 50 രൂപയോടൊപ്പം കഴുകി ഉണക്കി, നൽകിയ കവറുകൾ വേലൂർ പഴയ പോസ്റ്റ് ഓഫീസ് സെന്ററിൽ അയ്യപ്പ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച രാവിലെ
വൻ തോതിൽ പരന്നുകിടന്നിരുന്നത് പ്രദേശവാസികൾക്കും വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുകൾ ഉളവാക്കി.
പൊതു വഴിയിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് 25000 രൂപ വരെ പിഴ ഈടക്കുവാനും, നിയമ നടപടികൾ നേരിടാനും വകുപ്പുള്ള ഈ നാട്ടിൽ,
നിയമ ലംഘനം ചിലർക്ക് മാത്രം അവകാശ മാണെന്ന് കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാട്ടി.
ഇത്തരം നെറികേടിനെതിരെ ശക്തമായ സമരവുമായി കോൺഗ്രസ്സ് മെമ്പർമാർ നാളെ (9/12/ 2024) രാവിലെ 10:00 ന് പഞ്ചായത്ത് ഓഫീസിന്
മുൻപിൽ കുത്തിയിരുന്ന് പ്രതിക്ഷേധിക്കുമെന്ന് അറിയിച്ചു.ഈ പ്രവൃത്തി ചെയ്ത ഹരിത കർമ്മ സേനാംഗങ്ങളെ പുറത്താക്കുക, അവരെ
ഫൈൻ അടപ്പിച്ച്, നിയമത്തിന് വിട്ടുകൊടുക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ്സ് മെമ്പർമാർ സമരത്തിന് ഒരുങ്ങുന്നത്.
എന്നാൽ ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ച മാലിന്യങ്ങൾ ചാക്കുകളിലാക്കി വഴിയരികിൽ ഒതുക്കി വെച്ചതാണെന്നും തെരുവ് നായക്കൾ കടിച്ചുകീറി വഴിയിൽ പരത്തിയതാകാം എന്ന് ഹരിത കർമ്മ സേന അംഗങ്ങൾ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റിന്റെയും ഹരിത കർമ്മ സേനയുടെയും നേതൃത്വത്തിൽ വഴിയിൽ പരന്ന മാലിന്യങ്ങൾ ചാക്കുകളിൽ ആക്കി സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റുകയും പരിസരം വൃത്തിയാക്കി എന്നും അറിയിച്ചു.