_"കൊടകര' -ക്ഷേത്രത്തിൽ ദേവിയുടെ കോലം മോഷ്ടിക്കപ്പെട്ടു, പിന്നീട് പാടത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി_
പൂനിലാർക്കാവ് ദേവീക്ഷേത്രത്തിൽ ഭഗവതിയുടെ എഴുന്നള്ളിപ്പുസമയത്ത് ഉപയോഗിക്കുന്ന കോലം ബുധനാഴ്ച രാത്രി മോഷ്ടിക്കപ്പെട്ടു. കോലത്തിലുള്ള സ്വർണംകൊണ്ടുള്ള ദേവീരൂപം, 108 താലികൾ, പൂക്കൾ എന്നിവ ഉൾപ്പെടെ അഞ്ചര പവൻ ഇളക്കിയെടുത്ത് ബാക്കി ഭാഗങ്ങൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
ഒരു കിലോമീറ്റർ അപ്പുറത്തുള്ള പാടത്താണിത് ഉപേക്ഷിച്ചത്. നാലു ലക്ഷം രൂപയുടെ സ്വർണം കോലത്തിൽനിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഊട്ടുപുരയിൽ കിടന്നുറങ്ങിയിരുന്ന മേൽശാന്തി പദ്‌മനാഭൻ നമ്പൂതിരിയെ പുറത്തുനിന്ന് പൂട്ടിയിട്ടാണ് മോഷ്ടാക്കൾ അകത്തുകടന്നത്. നല്ല മഴയായിരുന്നതിനാൽ പുറത്തുനിന്ന് ശബ്ദങ്ങളൊന്നും കേട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.
ആറ് ഭണ്ഡാരങ്ങൾ പൊളിച്ച് ചില്ലറ ഉപേക്ഷിച്ച് നോട്ടുകൾ കൊണ്ടുപോയി. ഒരെണ്ണം പൊളിക്കാൻ ശ്രമം നടത്തി. സി.സി.ടി.വി.യുടെ ഹാർഡ് ഡിസ്കും കൊണ്ടുപോയി. എല്ലാംകൂടി 4,80,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ക്ഷേത്രം സെക്രട്ടറി രവീന്ദ്രൻ ഇളയതും പ്രസിഡൻറ് ഡി. നിർമലും പറഞ്ഞു.
പത്തുവർഷം പഴക്കമുള്ളതാണ് കോലം. രണ്ടു വർഷം മുൻപാണ് കോലം പുതുക്കിപ്പണിത് പുനഃസമർപ്പണം നടത്തിയത്. സ്റ്റോർറൂമിലാണ് ഇത് സൂക്ഷിച്ചിരുന്നത്. തൃശ്ശൂരിൽനിന്ന് വിരലടയാളവിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കൊടകര പോലീസാണ് അന്വേഷിക്കുന്നത്."