_"കനത്ത മഴയ്ക്കൊപ്പം കടലാക്രമണവും_
ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി വളവിലെ ഇരുനിലക്കെട്ടിടത്തിന്റെ പിൻഭാഗത്തേക്ക് അപകടകരമായ രീതിയിൽ തിരയടിച്ചുകയറുന്നു.
കാലവർഷം അടുത്തതോടെ കടപ്പുറം പഞ്ചായത്തിലെ തീരവാസികളുടെ ഉറക്കം നഷ്ടപ്പെട്ടു. രൂക്ഷമായ കടലേറ്റം ഏതുനിമിഷവും ഉണ്ടാകാമെന്നതാണ് കടപ്പുറത്തുകാരുടെ ഉറക്കംകെടുത്തുന്നത്. ഓരോ വർഷവും കടൽ കൂടുതൽ അടുക്കുകയും കര നഷ്ടപ്പെടുകയും ചെയ്തിട്ടും ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
കടപ്പുറം പഞ്ചായത്തിലെ കടലേറ്റപ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണമെങ്കിൽ തീരത്ത് ഇടവിട്ട് പുലിമുട്ടുകൾ സ്ഥാപിക്കുകയാണ് വേണ്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാലിഹാ ഷൗക്കത്ത് പറഞ്ഞു. ടെട്രാപോഡ് നിരത്തിയും മറ്റുമുള്ള കടൽഭിത്തിക്കായി ജലസേചനവകുപ്പ് പ്രൊപ്പോസൽ തയ്യാറാക്കിയിട്ട് കാലമേറെയായെങ്കിലും നടപ്പാകുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു."