ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് ജോലി തട്ടിപ്പ്.. എടക്കളത്തൂർ സ്വദേശി അറസ്റ്റിൽ
കൊച്ചി എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ചൊവ്വന്നൂർ, കടവല്ലൂർ ഭാഗങ്ങളിൽ നിന്നും 10 പേരിൽ നിന്നായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെ കുന്നംകുളത്ത് പോലീസ് അറസ്റ്റ് ചെയ്തു.
കൈപ്പറമ്പ് എടക്കളത്തൂർ കിഴക്കുമുറി വേലായുധൻ മകൻ പ്രബിൻ ( 34) ആണ് അറസ്റ്റിലായത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ആളാണ് എന്ന് സ്വയം പറഞ്ഞു കൊണ്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പ്രദേശത്തെ ചില ഇടനിലക്കാർ മുഖേന ചെറുപ്പക്കാരെ സ്വാധീനിച്ച് ജോലി വാഗ്ദാനം നൽകുകയാണ് ചെയ്തത്.
ഫോറസ്റ്റിന്റെ വ്യാജ രേഖകളുമായി കാക്കി പാൻ്റും ധരിച്ചാണ് ഇയാൾ ഇവരെ സമീപിച്ചിരുന്നത്.
വാളയാർ റെയിഞ്ച് ഓഫീസിലാണ് ജോലി ചെയ്യുന്നതെന്നും കോടതി ആവശ്യങ്ങൾക്കായി തൃശ്ശൂർ കലക്ടറേറ്റിൽ വരുമ്പോൾ കാണാമെന്നുമാണ് ഇയാൾ ധരിപ്പിച്ചിരുന്നത്.. ഇയാൾ വ്യാജമായി ഉണ്ടാക്കിയ പല രേഖകളും ഇവർക്ക് കൈമാറിയത് തൃശ്ശൂർ കലക്ടറേറ്റിൽ കോടതിയുടെ സമീപത്തു വച്ചായിരുന്നു. . പലതവണകളിലായി ഇവരിൽ നിന്നും 60,000 മുതൽ ഒന്നര ലക്ഷം രൂപ വരെ പൈസ ഇയാൾ വാങ്ങിയിട്ടുണ്ട്.. എയർ ഇന്ത്യയുടെയും കോടതിയുടെയും വ്യാജ ഡോക്കുമെൻ്റുകൾ ഉണ്ടാക്കി ഇയാൾ കൈമാറുകയും ചെയ്തിരുന്നു. . ജോലിക്ക് കയറേണ്ടതായ പല ദിവസങ്ങൾ മാറ്റി മാറ്റി പറയുകയും ഒടുവിൽ സംശയം തോന്നി പോലീസിൽ ഇവർ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണ ശേഷം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം തട്ടിപ്പിന് കൂട്ടുനിന്ന മറ്റ് രണ്ട് പേരെയും പോലീസ് അന്വേഷിക്കുന്നുണ്ട്. കുന്നംകുളം സ്റ്റേഷൻ ഓഫീസർ യുകെ ഷാജഹാൻ, എസ് ഐ മഹേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.