പറപ്പൂക്കാവ് ദേവസ്വം ജനറൽ ബോഡി യോഗത്തിൽ സംഘർഷം.
ഗ്രാമപഞ്ചായത്ത് അംഗത്തിന് മർദ്ദനമേറ്റൂ.
കേച്ചേരി പറപ്പൂക്കാവ് ദേവസ്വം ജനറൽബോഡി യോഗത്തിൽ ഉണ്ടായ സംഘർഷത്തിൽ ഗ്രാമപഞ്ചായത്ത് അംഗത്തിന് പരിക്കേറ്റു. ഞായറാഴ്ച മൂന്നുമണിക്ക് അമ്മ ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽബോഡി യോഗത്തിൽ ഭരണസമിതിയുടെ കാലാവധി നീട്ടിയെടുക്കാൻ വേണ്ടി ഭരണസമിതി നടത്തിയ ശ്രമത്തെ ഭൂരിപക്ഷം അംഗങ്ങളും എതിർത്തതാണ് സംഘർഷത്തിൽ കലാശിച്ചത്. പറപ്പൂകാവ് ദേവസ്വം ഭരണസമിതിയിലേക്ക് 2024 ജനുവരി 28ആം തീയതി നടത്താൻ തീരുമാനിച്ചിരുന്ന തിരഞ്ഞെടുപ്പ് വടക്കാഞ്ചേരി മുൻസിഫ് കോടതി സ്റ്റേ ചെയ്തിരുന്നു. 218 വിശ്വാസികൾ ദേവസ്വത്തിൽ അംഗത്വത്തിനുവേണ്ടി അപേക്ഷിച്ചിരുന്നു. ഇവർക്ക് അംഗത്വം നൽകാൻ ദേവസ്വം ഭരണസമിതി തയ്യാറാകാത്തത് മൂലം അപേക്ഷകർ കോടതിയെ സമീപിച്ചിരുന്നു. അപേക്ഷകരുടെ പരാതി പരിശോധിച്ചതിനുശേഷം ആണ് ഇരുവിഭാഗത്തിന്റെയും ഭാഗം കേട്ട് കോടതി തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്. ഈ സാഹചര്യത്തിൽ ഭരണസമിതിക്ക് കാലാവധി നീട്ടിക്കിട്ടുന്നതിന് വേണ്ടിയുള്ള ശ്രമമാണ് ഭരണസമിതി നടത്തിയിരുന്നത്. ഇതിനെതിരായിട്ടാണ് ജനറൽബോഡി യോഗത്തിൽ പങ്കെടുത്ത മഹാഭൂരിപക്ഷം ആളുകളും നിലപാട് സ്വീകരിച്ചത്. എന്നാൽ ദേവസ്വം പ്രസിഡണ്ട് അടക്കമുള്ള ആളുകൾ ഏകപക്ഷീയമായി യോഗം പിരിച്ചുവിടുകയാണ് ചെയ്തത്. തുടർന്നാണ് ചൂണ്ടൽ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ സജിത്ത് കുമാറിന് നേരെ അക്രമം ഉണ്ടായത്. ബിജെപിയുടെ ഭൂരിപക്ഷം നടത്തുന്ന പറപ്പൂകാവ് ഭരണസമിതിയെ കുറിച്ച് നിരവധി ആക്ഷേപങ്ങളാണ് ഇതിനിടയിൽ ഉയർന്നുവന്നിരിക്കുന്നത്. ഇതിനെതിരായി വിശ്വാസികൾ ക്ഷേത്രസംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുകയാണ്. 218 വിശ്വാസി കുടുംബങ്ങൾക്ക് എതിരെ നിയമ യുദ്ധത്തിന് ഇറങ്ങുന്ന ദേവസ്വം ഭരണസമിതിയുടെ തീരുമാനം തിരുത്തണം എന്നാണ് ജനറൽബോഡിയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടത് എന്നാൽ ഇത് ചെവിക്കൊള്ളാൻ ദേവസ്വം അധികൃതർ തയ്യാറായില്ലെന്ന് മാത്രമല്ല വ്യാജരേഖ തയ്യാറാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പറപ്പൂക്കാവ് ക്ഷേത്രം കേന്ദ്രീകരിച്ച് ഗുണ്ടാസംഘങ്ങളെ ഉൾപ്പെടെ ഉപയോഗപ്പെടുത്തിക്കൊണ്ട് ദേവസ്വം ഭരണസമിതിയുടെ തെറ്റുകൾക്കെതിരെ പ്രതികരിക്കുന്നവരെ കായികമായി നേരിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗ്രാമപഞ്ചായത്ത് അംഗത്തിന് നേരെയുള്ള ആക്രമണം. ഗ്രാമപഞ്ചായത്ത് അംഗത്തിന് നേരെയുള്ള ആക്രമണത്തിൽ ക്ഷേത്ര സംരക്ഷണ സമിതി അതിശക്തമായ പ്രതിഷേധം അറിയിക്കുന്നു.