പത്മശ്രീ പി കെ നാരായണൻ നമ്പ്യാർക്ക് സംസ്കൃത അധ്യാപക വിദ്യാർത്ഥികളുടെ വേറിട്ട ശ്രദ്ധാഞ്ജലി .
ഇന്നലെ അന്തരിച്ച പ്രമുഖ കൂടിയാട്ട - മിഴാവ് ആചാര്യൻ പത്മശ്രീ പി കെ നാരായണൻ നമ്പ്യാർക്ക് തൃശൂർ ജില്ലാ ഹയർ സെക്കൻഡറി സംസ്കൃത അധ്യാപക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ശ്രദ്ധാഞ്ജലി നടത്തി .
ഇന്ന് പരേതന്റെ സംസ്കാര ശുശ്രൂഷകൾ നടക്കുന്ന അതേ സമയത്ത് പുറനാട്ടുകര ശ്രീ ശാരദ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത് .
സ്കൂൾ പ്രിൻസിപ്പൽ സീന ടീച്ചർ നാരായണൻ നമ്പ്യാരുടെ ഛായ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനും സംസ്കൃത സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവുമായ മേജർ പി.ജെ. സ്റ്റൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ പുറനാട്ടുകര ശ്രീ രാമകൃഷ്ണ ഗുരുകുല ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ പ്രവീൺ രാമൻ ,ശാരദ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികമാരായ രാജേശ്വരി ,സുധ ടീച്ചർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.തൃശ്ശൂർ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ നാരായണൻ നമ്പ്യാരുമായി നടത്തിയ അഭിമുഖം പഠന വിഷയമായി പ്ലസ് ടു സംസ്കൃത പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലസ് ടു ടെക്സ്റ്റ് ബുക്കിൽ നിന്നും പരിചയപ്പെട്ട കുടിയാട്ടത്തിന്റെ കുലപതിക്ക്
ആർദ്ര വി ജയരാജ് അദ്ദേഹത്തിന്റെ ജീവിതരേഖ വായിച്ചുകൊണ്ട് ശ്രദ്ധാഞ്ജലി അർപ്പിച്ചു. വിദ്യാർത്ഥികൾ പ്ലസ് ടു സംസ്കൃത പാഠപുസ്തകത്തിലെ പി കെ നാരായണൻ നമ്പ്യാരെ കുറിച്ചുള്ള പാഠഭാഗങ്ങൾ വായിച്ച് കുടിയാട്ടത്തിന്റെ ആചാര്യന് വായനാർച്ചന
നടത്തിയത് വേറിട്ട അനുഭവമായി .
ശ്രീ ശാരദ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നിഷ ടീച്ചർ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു പരിപാടികൾക്ക് വിദ്യാർത്ഥി പ്രതിനിധികളായ അദൃ കെ എസ് , കൃഷ്ണനാഞ്ജലി വി.ജി എന്നിവർ നേതൃത്വം നൽകി.