വേലൂർ: വർധിപ്പിച്ച വീട്ടുനികുതിയുടെ നോട്ടീസ് പോസ്റ്റലായി അയച്ച് ജനങ്ങൾക്ക് അധികബാധ്യത അടിച്ചേൽപ്പിച്ച വേലൂർ പഞ്ചായത്ത് നടപടിയിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിക്ഷേധിച്ചു.
എല്ലാവരും കൃത്യമായി നികുതിയടയ്ക്കുന്ന വേലൂർ ഗ്രാമപഞ്ചായത്തിൽ കുടുബശ്രീ മുഖേനെ വിതരണംചെയ്യാറുള്ള ഡിമാന്‍റ് നോട്ടീസുകൾ ഇത്തവണ പോസ്റ്റലായി അയച്ച് അധികച്ചലവ് വരുത്താനുള്ള ശ്രമമാണ് വേലൂർ പഞ്ചായത്ത് നടപ്പിലാക്കുന്നതെന്നും പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി. റോഡുകൾ അറ്റകുറ്റപ്പണിചെയ്യാൻ യാതൊരു നടപടിയും എടുക്കാത്ത ഭരണസമിതിക്ക് നികുതിപിരിച്ചെടുക്കുന്നതിൽ മാത്രമാണ് ശുഷ്കാന്തി ഉള്ളതെന്നും കോൺഗ്രസ് ആരോപിച്ചു. ജൽ ജീവൻ മിഷൻ പദ്ധതിയുടെ പേരിൽ പൊളിച്ചിട്ട റോഡുകൾ ഒരു മാസത്തിനകം പണി ആരംഭിച്ചില്ലെങ്കിൽ പഞ്ചായത്തിന് മുന്നിൽ നിരാഹാരമിരിക്കുമെന്നും കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു. പ്രതിപക്ഷനേതാവ് സ്വപ്ന രാമചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ സി.ഡി. സൈമൺ, പി.എൻ. അനിൽ, വിജിനി ഗോപി, നിധീഷ് ചന്ദ്രൻ, അജി ജോഷി എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
