🫵ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; ശരീര ഭാഗങ്ങൾ ഭക്ഷിച്ച നിലയിൽ
📋09-12-2023
ബത്തേരി ∙ വയനാട് സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ മുപ്പത്താറുകാരനു ദാരുണാന്ത്യം. ബത്തേരിക്കു സമീപം വാകേരിയിലാണ് നാട്ടിലിറങ്ങിയ കടുവ യുവാവിനെ കൊലപ്പെടുത്തിയത്. വാകേരി മൂടക്കൊല്ലി കൂടല്ലൂര്‍ സ്വദേശിയും മരോട്ടിത്തറപ്പിൽ കുട്ടപ്പന്‍റെ മകനുമായ പ്രജീഷ് ആണു മരിച്ചത്. ഇന്നു വൈകിട്ടാണു സംഭവം.
വാകേരി മൂടക്കൊല്ലിയിലെ വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പല ശരീര ഭാഗങ്ങളും വേര്‍പെട്ടിരുന്നു. രാവിലെ പുല്ലുവെട്ടാന്‍ പോയ പ്രജീഷ് തിരിച്ചെത്താൻ വൈകിയതിനെ തുടർന്ന് അന്വേഷിച്ചു പോയ സഹോദരനാണ് മൃതദേഹം ആദ്യം കണ്ടത്.
സംഭവമറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. വനത്തോടു ചേര്‍ന്ന് കിടക്കുന്ന ജനവാസ മേഖലയാണിത്. അപ്രതീക്ഷിതമുണ്ടായ കടുവയുടെ ആക്രമണത്തിന്‍റെ ഭീതിയിലാണ് നാട്ടുകാർ.