കൈക്കുഞ്ഞുമായി മുല്ലപ്പൂ വില്‍പ്പന: ധന്യയുടെ ദുരിത ജീവിതമറിഞ്ഞതിന് പിന്നാലെ സഹായവുമായി സുരേഷ് ഗോപി .

 കൈക്കുഞ്ഞുമായി മുല്ലപ്പൂ വില്‍പ്പന: ധന്യയുടെ ദുരിത ജീവിതമറിഞ്ഞതിന് പിന്നാലെ സഹായവുമായി സുരേഷ് ഗോപി .


   ഗുരുവായൂർ ക്ഷേത്രനടയില്‍ കൈക്കുഞ്ഞുമായി മുല്ലപ്പൂ വില്‍ക്കുന്ന ധന്യയ്‌ക്ക് സഹായ ഹസ്തവുമായി സുരേഷ് ഗോപി.മകളുടെ വിവാഹത്തിന് ആവശ്യമായ മുല്ലപ്പൂവിന്റെ ഓര്‍ഡര്‍ ധന്യയ്‌ക്ക് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. നാളെ ഗുരുവായൂരിലെത്തി സുരേഷ് ഗോപി ധന്യയെയും കുടുംബത്തെയും കാണും.കുടുംബം പോറ്റാൻ ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ മുല്ലപ്പൂവ് വില്‍ക്കുന്ന ധന്യയുടെ ദുരിത ജീവിതം സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഒരു മാധ്യമം ധന്യയുടെ ദുരിതം വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സുരേഷ് ഗോപി സഹായം വാഗ്ദാനം ചെയ്ത് എത്തിയത്. ധന്യയും കുടുംബവും വാടക വീട്ടിലാണ് താമസം. ഭര്‍ത്താവ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുദ്ധിമുട്ടുകയാണ്. ഭര്‍തൃമാതാവിനും സുഖമില്ല.

പ്രണയവിവാഹം ആയതിനാല്‍ നേരത്തെ തന്നെ ധന്യയെ കുടുംബം കയ്യൊഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ക്ഷേത്ര നടയില്‍ കുഞ്ഞുമായി മുല്ലപ്പൂ വില്‍പ്പന ആരംഭിച്ചത്. പുലര്‍ച്ചെ തന്നെ ധന്യ ക്ഷേത്രത്തില്‍ എത്തി പൂവില്‍പ്പന ആരംഭിക്കും. ക്ഷേത്രത്തില്‍ നിന്നു തന്നെ ഭക്ഷണം കഴിക്കും. ഭര്‍ത്താവിന് മരുന്ന് വാങ്ങാൻ മാത്രം മാസം എണ്ണായിരത്തോളം രൂപ വേണം.