മാലിന്യം മുക്ത നാടിനായി കുട്ടികൾ
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഈ വേളയിൽ മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനായി കുട്ടികളുടെ ഹരിതസഭ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ചു. 7 സ്കൂളുകളിൽ നിന്നായി 130ഓളം വിദ്യാർത്ഥികളും 13 അദ്ധ്യാപകരും പങ്കാളികളായ ഹരിതസഭയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, വാർഡ് മെമ്പർമാർ, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, എച് ഐ , ഐ ആർ ടി സി കോർഡിനേറ്റർ എന്നിവർ പങ്കെടുത്തു.
ശുചിത്വ പ്രതിജ്ഞയോടെ ആരംഭിച്ച യോഗത്തിന് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത ഉമേഷ് സ്വാഗതം അറിയിച്ചു. ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത അഞ്ചുകുട്ടികളുടെ പാനലാണ് പരിപാടിക്ക് നേതൃത്വം കൊടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ ഉഷാദേവി ടീച്ചർ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ മാലിന്യപരിപാലനരംഗത്ത് കൈവരിച്ച നേട്ടങ്ങൾ സ്വീകരിച്ച നടപടികളും നടത്തിയ പ്രവർത്തനങ്ങളും അടങ്ങിയ റിപ്പോർട്ട് അവതരിപ്പിക്കുകയും കുട്ടികൾക്കു മാലിന്യസംസ്കരണ രംഗത്ത് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളെ കുറിച്ചും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി.
തുടർന്ന് ഓരോ വിദ്യാലയത്തെയും പ്രതിനിധീകരിച്ചു ഓരോ വിദ്യാർത്ഥി അതാത് പ്രദേശത്തെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട അവസ്ഥ വിലയിരുത്തികൊണ്ടുള്ള റിപ്പോർട്ട് ഹരിതസഭയിൽ അവതരിപ്പിച്ചു. വിദ്യാലയങ്ങളിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളെ കുറിച്ചും വിദ്യാലയങ്ങൾ മാലിന്യപരിപാലന രംഗത്ത് നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരുന്നു. റിപ്പോർട്ട് അവതരണത്തിനു ശേഷം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആന്റോ കുട്ടികൾ അവതരിപ്പിച്ച റിപ്പോർട്ടിനെ വിലയിരുത്തി കൊണ്ട് സംസാരിച്ചു. കുട്ടികളുടെ ആശയങ്ങളും സംശയങ്ങളും പങ്കുവെക്കാനുള്ള അവസരം ആയിരുന്നു.
കുട്ടികളുടെ സംശയങ്ങൾക്ക് ഐആർടിസി കോഡിനേറ്റർ അനഘ മറുപടി നൽകുകയും യോഗത്തിന് നന്ദി അറിയിക്കുകയും ചെയ്തു.